മലബാർ നിവർത്തന പ്രക്ഷോഭം -ബ്ലോഗ് വിമർശനം


വ്യക്തമായ പ്രത്യയശാസ്ത്ര നിലപാടുതറകളിൽ നിന്ന് പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ, തങ്ങളുടെ ബഹുജനപിന്തുണ വർദ്ധിപ്പിക്കുന്നതിനായി പലതരം മാർക്കറ്റിങ്ങ് തന്ത്രങ്ങൾ പയറ്റാറുണ്ട്. പണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയെന്ന് പറയപ്പെടുന്ന 'അരിമോഷണ' സമരവും, ഈയടുത്തകാലത്ത് ബിജെപിക്കുവേണ്ടി സംഘപരിവാർ ബാനറിൽ നടന്ന 'അയോധ്യാനാടക'വുമൊക്കെ ആയതിന്റെ നിസ്സാര ഉദാഹരണങ്ങൾ മാത്രം.


ഇപ്പോൾ കൃത്രിമ വേരുകളും അതിന്നു പറ്റിയ രാസവളങ്ങളുമായി നമ്മുടെ മണ്ണിൽ  കൃഷിയിറക്കാൻ തുടങ്ങിയ പുത്തൻ തലമുറ മതവാദ സംഘടനകൾ ജനശ്രദ്ധയാകർഷിക്കാൻ പയറ്റുന്നതും ഇതേ സൂത്രപ്പണികൾ തന്നെ. തങ്ങളുടെ അജണ്ടകൾക്കു മേൽ ജനപ്രിയതയുടേയും സാമ്പത്തിക സഹായത്തിന്റേയും, മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് തമ്മിലടിയും അഴിമതിയും കഴിഞ്ഞ് ഇടപെടാൻ നേരമില്ലാത്ത പൊതുപ്രശ്നങ്ങളിൽ ജനപക്ഷത്തിരുന്ന് പ്രതികരിക്കുന്നതിന്റേയും സുന്ദരമുഖം മൂടിയണിഞ്ഞ് നിങ്ങൾക്കാശ്രയം നമ്മൾ മാത്രമാണെന്ന് വരുത്തിത്തീർക്കുന്നു.

മതേതരത്വത്തിന്റെ മനസ്സാക്ഷിക്ക് യാതൊരുതരത്തിലും ദഹിക്കാത്ത അജണ്ടകളുമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ യുവ മുഖം മൂടിയായ സോളിഡാരിറ്റി, എൻഡോസൾഫാൻ മേഖലകളിൽ കോടികൾ ചിലവിട്ട് നടത്തിയ 'ദുരിതാശ്വാസത്തിന്നു ശേഷം ഇപ്പോൾ കേരളത്തിലെ വടക്കൻ ജില്ലകളിൽ ശക്തമായി നടത്തിവരുന്ന 'മലബാർ നിവർത്തന പ്രക്ഷോഭ' പ്രചാരണങ്ങൾ മേൽപ്പറഞ്ഞ തന്ത്രങ്ങളിൽ ഒന്നു മാത്രമാണ്.

ഈ ഒളിയജണ്ടകളേക്കുറിച്ച് പൂർണ്ണ ബോധ്യമുണ്ടായിരിക്കേ തന്നെ സോളിഡാരിറ്റിയുടെ ഈ 'മലബാർ നിവർത്തന പ്രക്ഷോഭ'ത്തിന്നു ധാർമ്മിക പിന്തുണ പ്രഖ്യാപിക്കാനാണ് ഈ പോസ്റ്റ്. സർവ്വ സർക്കാർ തലങ്ങളിലും അവഗണിക്കപ്പെടുന്ന ഒരു പ്രദേശത്തിന്നു വേണ്ടി വാദിക്കാൻ സോളിഡാരിറ്റിയെങ്കിലും ഉണ്ടായല്ലോ എന്നതിൽ നമ്മൾ മലബാറുകാർ ആശ്വസിക്കും.

എന്റെ അനുഭവതലങ്ങളിൽ നിന്ന് പ്രതികരിക്കാൻ മലബാറിനെ ഞാൻ തൽക്കാലം കാസർക്കോടാക്കുകയാണ്. മലബാറിന്നു മൊത്തത്തിൽ ഇന്നു നിലനിൽക്കുന്ന തരത്തിലുള്ള അവഗണനയാണെങ്കിൽ, അതിന്റെയും ഏറ്റവും വടക്കേ മൂലയ്ക്ക് കിടക്കുന്ന കാസർക്കോട് ജില്ല തന്നെയാണ് ഉദാഹരിക്കാൻ എളുപ്പവും.

പ്രാദേശിക ജനയ്ക്ക് വല്ല ഗുണവും കിട്ടുന്ന പദ്ധതികളുണ്ടെങ്കിൽ അത് തെക്കൻ ജില്ലകൾക്കും, വലിയ ഗുണമില്ലാത്ത 'റിസ്കുള്ള' പദ്ധതികൾ വടക്കിന്നും. ഇതാണിപ്പോഴത്തെ കേരള വികസനശൈലി. വെറുമൊരു ഉദാഹരണത്തിന്നു പറയാം; കേന്ദ്ര സർവ്വകലാശാലയ്ക്കൊപ്പം കേന്ദ്ര സർക്കാർ കാസ്ർക്കോടിന്ന് അനുവദിച്ച സെൻട്രൽ മെഡിക്കൽ കോളേജ്, കാട്ടിൽ കർപ്പൂരം കത്തിച്ച് ഭക്തരെ പറ്റിക്കുന്ന ആത്മീയ ടൂറിസത്തിന്റെ മറവിൽ പത്തനം തിട്ടയിലേക്ക് കടത്തി. പ്രാദേശിക ജനത്തിന്ന് യാതൊരു ഗുണവും ചെയ്യാത്തതും വൻ മലിനീകരണ സാധ്യതകളുള്ള, പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണഹേതുവാകാവുന്ന വൈദ്യുതി ഉൽപ്പാദന പദ്ധതി കാസക്കോട്ടെ ചീമേനിയിലും!

ആധുനിക സൗകര്യങ്ങളുള്ള സർക്കാർ വക ആംബുലൻസ് കാസർക്കോട് ജനറൽ ആസ്പത്രി കേന്ദ്രീകരിച്ച് സർവ്വീസ് നടത്തുന്ന കാര്യം അറിഞ്ഞ നമ്മുടേ പുന്നാര ആരോഗ്യവകുപ്പ് മന്ത്രി മോൻ ആ സാധനം ആലപ്പുഴയിലേക്ക് കടത്താനുത്തരവിട്ടതും, യുവജന സംഘടനകൾ രാപ്പകൽ കാവലിരുന്ന്, ഹൈക്കോടതിയിൽ നിന്ന് സ്റ്റേയുത്തരവ് വാങ്ങി ആ നീക്കത്തിന്നു തടയിട്ടതും ഏറ്റവും ഒടുക്കത്തെ മറ്റൊരു സംഭവം.

ഇങ്ങനെ എണ്ണിയാൽ തീരാത്ത, പറഞ്ഞാൽ മതിവരാത്ത അവഗണന വർത്തമാനങ്ങൾ പറയുവാനുള്ള ഈ മലബാറിൽ, അതേക്കുറിച്ച് ഒരു പ്രചാരണത്തിനെങ്കിലും മുൻ കൈയെടുത്ത സോളിഡാരിറ്റിക്കൊപ്പം ഞാനുമുണ്ട്, ഞങ്ങൾ പലരുമുണ്ടാവും!

=================================================

ഈയ്യിടെ ഒരു ദില്ലി വക്കീൽ കശ്മീർ സ്വയം നിർണ്ണയാവകാശത്തേക്കുറിച്ച് പറഞ്ഞ് തല്ലു വാങ്ങി. ഇവിടെ കാസർക്കോട് താലൂക്ക് പ്രദേശവാസികൾക്ക് കർണ്ണാടകത്തിൽ ലയിക്കാനുള്ള സ്വയം നിർണ്ണയാവകാശം നൽകുകയാണെങ്കിൽ ഞങ്ങളെന്നേ കയ്യടിച്ച് പാസാക്കിയേനേ. അക്കരപ്പച്ചയെന്നു പറഞ്ഞു ആക്ഷേപിക്കാമെങ്കിലും, അതിർത്തിക്കപ്പുറത്തെ സുന്ദര റോഡുകളും ഞങ്ങൾക്കേകാശ്രയമായ മെഡിക്കൽ കോളേജുകളും ഞങ്ങളെ മോഹിപ്പിക്കുന്നുണ്ട്.

0 comments:

Post a Comment