മലബാര്‍ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സ്‌പെഷ്യല്‍ പാക്കേജ് പ്രഖ്യാപിക്കണം- പി. മുജീബ് റഹ്മാന്‍



 19.11.2011
തിരുവനന്തപുരം: മലബാര്‍ ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ മലബാര്‍ സ്‌പെഷ്യല്‍ പാക്കേജ് പ്രഖ്യാപിക്കണമെന്ന ജമാ അത്തെ ഇസ്‌ലാമി സംസ്ഥാന ജന: സെക്രട്ടറി പി. മുജീബ് റഹ്മാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മലബാര്‍ മേഖല പതിറ്റാണ്ടുകളായി വികസന പിന്നോക്കാവസ്ഥ നേരിടുകയാണ്. പ്രശ്‌നത്തെ ഗൗരവത്തില്‍ സമീപിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് വളയല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറിന്റെ വികസനത്തിനായുള്ള പ്രക്ഷോഭം ഒരു മേഖലയുടെ സാമൂഹ്യനീതിക്കായുള്ള പോരാട്ടമാണ്. ഭരണകൂടത്തിനും മുഖ്യധാരാരാഷ്ട്രീയ കക്ഷികള്‍ക്കും ഏറെകാലം ഇത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ജനങ്ങള്‍ തെരുവിലിറങ്ങി ഭരണകൂടങ്ങളില്‍നിന്നും ആവശ്യങ്ങള്‍ പിടിച്ചുവാങ്ങുന്ന കാലമാണിതെന്ന് ഓര്‍ക്കുന്നത് നന്ന്. നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അധിനിവേശ ശക്തികളോട് നടത്തിയ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന തീക്ഷ്ണമായ പോരാട്ടങ്ങളാണ് മലബാര്‍ വികസന പിന്നോക്കാവസ്ഥയുടെ ഒരു കാരണമെങ്കില്‍ ഇച്ഛാശക്തിയും ആര്‍ജ്ജവവുമുള്ള രാഷ്ട്രീയ നേതൃത്വം ഇല്ലാതെപോയതാണ് മറ്റൊരു കാരണം. മലബാറിന് കേരള വികസനത്തില്‍ ചിലവല്ലാതെ വരവില്ല എന്നതാണ് സത്യം. മലബാര്‍ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് അനക്‌സ് കോഴിക്കോട് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ജനസംഖ്യയുടെ ദരിദ്രരില്‍ 30% വും മലബാറിലാണ് എന്ന യാഥാര്‍ത്ഥ്യം മലബാര്‍ നേരിടുന്ന രൂക്ഷമായ വികസന പ്രതിസന്ധിയെ ആണ് കാണിക്കുന്നതെന്ന് അദ്ധ്യക്ഷം വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് അഭിപ്രായപ്പെട്ടു. മലബാറുകാരെ രണ്ടാംകിട പൗരന്‍മാരായി കാണുന്ന ഉദ്യോഗസ്ഥദുഷ്പ്രഭുത്വവും രാഷ്ട്രീയ നേതൃത്വവും അവരുടെ സമീപനം തിരുത്തണം. മലബാര്‍ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സമഗ്ര അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അധികാര കേന്ദ്രങ്ങളെ ജനാധിപത്യപരമായി ഉപരോധിക്കുന്നതിലൂടെ ലോകത്തെമ്പാടും നടക്കുന്ന ജനകീയ പ്രക്ഷോഭത്തില്‍ കണ്ണിചേരുകയാണ് മലബാറിലെ ജനതയും ചെയ്യുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു അഭിപ്രായപ്പെട്ടു. സമരത്തില്‍ ഐക്യദാര്‍ഢ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാന വികസനത്തിന്റെ നല്ലൊരു ശതമാനവും തിരുകൊച്ചിയില്‍ കേന്ദ്രീകരിക്കുന്നതിലൂടെ നിര്‍ദാക്ഷിണ്യമായ അധികാരശക്തിയാണ് നടപ്പിലാക്കുന്നത്. ഇത് ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ല. ഹൈക്കോടതി ബഞ്ചിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മലബാറിനെ കേന്ദ്രീകരിച്ച് നടക്കണം. മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം എന്നത് അവകാശബോധത്തിന്റെ രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മലബാര്‍ ജനത ഇന്ന് ഏതെങ്കിലും അര്‍ത്ഥത്തില്‍ സുഭിക്ഷത അനുഭവിക്കുന്നെങ്കില്‍ അത് പ്രവാസത്തിന്റെ പിന്‍ബലത്തില്‍ മാത്രമാണെന്ന് പിഡിപി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അക്ബര്‍ അലി അവകാശപ്പെട്ടു. ഇതില്‍ അവകാശവാദം ഉന്നയിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അവകാശമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലബാറിന്റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ ലീഗും പ്രക്ഷോഭത്തിനിറങ്ങുമെന്ന് ചഥഘ സംസ്ഥാന പ്രസിഡന്റ് ബുഹാരി മന്നാനി പറഞ്ഞു. ബാര്‍-മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതില്‍ മാത്രമാണ് മലബാറിനോട് സര്‍ക്കാര്‍ വിവേചനം കാണിക്കാത്തതെന്ന് മദ്യനിരോധന സമിതി സംസ്ഥാന ജന: സെക്രട്ടറി ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. മലബാര്‍ വികസന പ്രക്ഷോഭത്തെ വിഘടനവാദമായി മുദ്രകുത്താനും അതിന്റെ മറവില്‍ ന്യായമായ അവകാശങ്ങളെ നിഷേധിക്കാനുമാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, സംസ്ഥാന കമ്മിറ്റി അംഗം കെ.എ. ഷഫീഖ് എന്നിവരും സംസാരിച്ചു. ജന: സെക്രട്ടറി ടി. മുഹമ്മദ് വേളം സ്വാഗതം പറഞ്ഞു. കാസര്‍കോട് എന്‍ഡോസല്‍ഫാന്‍ വിക്റ്റിംസ് ഫോറം സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു പ്രകടനം നടത്തി.
കൂടുതല്‍ ചിത്രങ്ങള്‍:
http://www.flickr.com/photos/viplava_yuvatha/

0 comments:

Post a Comment